2010, സെപ്റ്റംബർ 9, വ്യാഴാഴ്‌ച

നിത്യ ഹരിത കാമുകന് ആദരാഞ്ജലികള്‍....

പ്രിയപ്പെട്ട വേണു നാഗവള്ളി....

നിരാശരായ അനേകം കാമുക ഹൃദയങ്ങളില്‍  നിങ്ങള്‍ എക്കാലവും ജീവിക്കും...
അവളെ മറക്കാന്‍ കഴിഞ്ഞാലും മറക്കാന്‍ ആവില്ല,
ഞങ്ങളുടെ വീര നായകനെ....


നിത്യ ഹരിത നിരാശ കാമുകന് ആദരാഞ്ജലികള്‍....

2010, ജൂൺ 22, ചൊവ്വാഴ്ച

നിരാശ കാമുക യൂണിയന്‍ രൂപീകരണം

പ്രേമ നൈരാശ്യത്തിന്‍റെ തടവറയില്‍ നഷ്ടമായ വസന്തത്തെ ഓര്‍ത്തു വിലപിച്ച്
പ്രണയമേല്‍പ്പിച്ച നോവും നൊമ്പരങ്ങളുമായി
തകര്‍ന്ന മനസ്സോടെയും ശരീരത്തോടെയും ജീവിക്കുന്ന ഒരു പൂര്‍വ്വ കാമുകനാണോ നിങ്ങള്‍...?
പ്രണയത്തിന്‍റെ താജ് മഹല്‍ പടുത്തുയര്‍ത്തുമ്പോഴേക്കും ഒരു ചീട്ടു കൊട്ടാരം പോലെ അത് തകര്‍ത്തെറിഞ്ഞവളോടു നിങ്ങള്‍ക്കു വെറുപ്പാണോ..?
അതോ അവളെ എന്നും സ്നേഹിക്കാന്‍ മാത്രം ആണോ നിങ്ങള്‍ക്കിഷ്ടം...?
അവള്‍ എന്നേയ്ക്കും സ്വന്തമല്ലാതായി എന്ന സത്യം അംഗീകരിക്കാനാവാതെ ഉഴറുമ്പോഴും നെരൂദയുടെ

"അവളെ ഞാനുമ്മ വച്ച പോല്‍ മറ്റൊരാള്‍..
ആ മൃദുല മേനി..
സൌവ്വര്‍ണ്ണ ദീപ്തമാം അനന്തമാം കണ്ണുകള്‍.."

എന്ന വരികള്‍ വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് സ്വയം ശപിക്കാന്‍ തോന്നാറുണ്ടോ..?
അവള്‍ പോയ ശേഷം നിങ്ങള്‍ ആകെ മാറിയെന്നു ചുറ്റുമുള്ളവര്‍ പറയാറുണ്ടോ..?
എങ്കില്‍ പ്രിയപ്പെട്ട അവശ കാമുകന്മാരെ..
നിങ്ങള്‍ക്കായിതാ ഒരു സന്തോഷ വാര്‍ത്ത..
അവശത അനുഭവിക്കുന്ന സകല നിരാശ കാമുകന്മാര്‍ക്കും ഒരു സംഘടന ഒരുങ്ങുന്നു..
'അഖില കേരള നിരാശ കാമുക യൂണിയന്‍' എന്ന പേരില്‍..

ഒരു നിമിഷം ശ്രദ്ധിക്കൂ..
അവള്‍ക്കു വനിതാ കമ്മീഷന്‍ ഉണ്ട്..
നിങ്ങള്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചു എന്ന് അവകാശപ്പെട്ട് അവള്‍ക്കു അവിടെ അഭയം തേടാം..നിങ്ങളെ മനപ്പൂര്‍വ്വം കുരുക്കിലാക്കാനും അവള്‍ക്ക് ഇത് വഴി സാധിക്കും..
എന്നാല്‍ നിങ്ങള്‍ക്കോ..?
വിവാഹം, കഴിക്കുന്നുണ്ടെങ്കില്‍ അത് ചേട്ടനെ മാത്രം ആകും എന്ന് പറഞ്ഞു പ്രലോഭിപ്പിച്ച്,
കൊതിപ്പിച്ച്,നിങ്ങളെ ചതിച്ചു കടന്നു പോയവള്‍ക്കെതിരെ നിങ്ങള്‍ എവിടെ പോകും..?
എങ്ങനെ പ്രതികരിക്കും..?

ഗാര്‍ഹിക പീഡനം ഇപ്പോള്‍ ഏറെയും പുരുഷന്മാര്‍ക്കു നേരെ ആയിട്ടുപോലും കാലാകാലങ്ങളായുള്ള പുരുഷാവകാശ കമ്മീഷന്‍ എന്ന ആവശ്യം സര്‍ക്കാര്‍ ഇനിയും അനുവദിച്ചു തരാത്ത സ്ഥിതിവിശേഷത്തില്‍ അഖില കേരള നിരാശ കാമുക യൂണിയന്‍ അനിവാര്യമായിരിക്കുന്നു...

ഇവിടെ നിങ്ങള്‍ക്ക് ഒരു ആശ്വാസ തീരം കണ്ടെത്താം.
അഖില കേരള നിരാശ കാമുക സമ്മേളനത്തില്‍ പങ്കെടുത്ത് ഏറ്റവും മികച്ച നിരാശ കാമുകന്‍ അവാര്‍ഡും സ്വന്തമാക്കാം..
ഒരു പക്ഷെ ഒരുങ്ങുന്നത് നിങ്ങള്‍ രണ്ടു പേരുടെയും പുന:സമാഗമത്തിനുള്ള വേദി കൂടി ആകാം..
എന്നെ പോലെയുള്ള പ്രശസ്തരായ നിരാശ കാമുകന്മാര്‍, മനശാസ്ത്ര വിദഗ്ധര്‍, കുടുംബ കോടതിയിലെ പ്രഗത്ഭരായ അഭിഭാഷകര്‍,പലതിനോടും പട വെട്ടി പ്രണയിച്ചു വിവാഹിതരായവര്‍, എന്നിവര്‍ അടങ്ങുന്ന ബെഞ്ച് നിങ്ങള്‍ രണ്ടു പേര്‍ക്കും കൌന്‍സിലിങ്ങിനുള്ള സൌകര്യം ഒരുക്കുന്നു..
അമൃത ചാനലിലെ 'കഥയല്ലിത് ജീവിതം' കവച്ചു വയ്ക്കുന്ന പ്രകടനം കാഴ്ച വെച്ചാല്‍ ഒരു പക്ഷെ നിങ്ങള്‍ക്ക് തിരിച്ചു കിട്ടുന്നതു ഒരിക്കല്‍ എന്നേയ്ക്കും നഷ്ടമായെന്നു കരുതിയ പഴയ വസന്തം തന്നെ ആകും..

നിങ്ങള്‍ രണ്ടു പേര്‍ക്കുമിടയിലെ പ്രശ്നം ഏതുമാകട്ടെ..
മാതാപിതാക്കള്‍ ആകട്ടെ..
അവളുടെ ജാതി\മതം ആകട്ടെ..
പണമോ,കുടുംബമഹിമയോ,ജോലിയോ ആകട്ടെ..
അതുമല്ലെങ്കില്‍ അവള്‍ക്കു നിങ്ങളുടെ മരം ചുറ്റി പ്രേമം കളിച്ചു മടുത്തതോ താങ്കളെ പോലെയുള്ള ഒരു കോന്തനെ കെട്ടാനുള്ള അവളുടെ വിമുഖതയോ അങ്ങനെ എന്തും ആകട്ടെ..
യൂണിയന്‍ മധ്യസ്ഥതയ്‌ക്കു ശ്രമിക്കുന്നതായിരിക്കും..

അങ്ങനെ വീണ്ടും പരസ്പരം പ്രണയിക്കാന്‍ തയാറാകുന്നവരെ ഒട്ടും വൈകിക്കാതെ തന്നെ യൂണിയന്‍റെ നേതൃത്വത്തില്‍ പിടിച്ചു കെട്ടിക്കുന്നതും ആയിരിക്കും...കെട്ടാന്‍ വൈകുന്തോറും പിന്നെയും അകലാന്‍ സാധ്യത കൂടുമെന്ന തിരിച്ചറിവ് യൂണിയനുണ്ട്.

കൌമാരക്കര്‍ക്കിടയിലും ക്യാംമ്പസുകളിലും യൂണിയന്‍ പ്രണയത്തിന്‍റെ ധൂഷ്യ വശങ്ങളെ പറ്റി ബോധവത്കരണം സംഘടിപ്പിക്കും.
കൌണ്‍സിലിംഗ് ആവശ്യമായവര്‍ക്ക് മുളയിലേ നുള്ളി കളയാന്‍ അത് നല്‍കും..
പല പ്രണയങ്ങളും തകരുന്നത് സെലക്ടീവ് ആകാത്തതിന്‍റെയും വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ അഭാവവും മൂലമാണ്..

സത്യ ക്രിസ്ത്യാനിയായ ഏതെങ്കിലും പിതാവ് മകളെ മുസ്ലീമിന് കെട്ടിച്ചു കൊടുക്കുമോ..?
മുതലാളിയുടെ മകളെയാണോ ടാപ്പിങ്ങുകാരന്‍റെ മകന്‍ പ്രണയിക്കുന്നത്..?
കിട്ടിയാല്‍ കിട്ടി..പോയാ..ഇവിടെ യൂണിയനില്‍ ചേരാം..
പ്രേമിക്കുമ്പോള്‍ കുറച്ചു കൂടി സെലക്ടീവ് ആകാമെന്നും ചന്തം കണ്ടു വീഴരുതെന്നുമുള്ള ഉപദേശത്തോടൊപ്പം അനുഭവസ്ഥരുടെ അനുഭവങ്ങളും പങ്കു വയ്ക്കും..
'പ്രണയിക്കുന്നവര്‍ക്ക് 101 മാര്‍ഗ നിര്‍ദേശങ്ങള്‍',
'എങ്ങനെ നനായി പ്രേമിക്കാം'..എന്നീ പുസ്തകങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
ഇവയൊക്കെ യൂണിയന്‍റെ പ്രവര്‍ത്തനങ്ങളില്‍ ചിലത് മാത്രം..

താങ്കള്‍ ചെയ്യേണ്ടതും ഇത്ര മാത്രം..
മുമ്പ് പ്രണയിച്ചിരുന്നുവെന്നും, ആ പ്രണയം തകര്‍ന്നു തരിപ്പണം ആയെന്നും ഇപ്പോള്‍ മറ്റാരെയും പ്രണയിക്കുന്നില്ല എന്നും ഏറ്റവും അടുത്ത രണ്ടു സുഹ്രുത്തുക്കള്‍ സാക്ഷ്യപ്പെടുത്തിയ ഒരു സത്യവാങ്ങ് മൂലവും പ്രണയിച്ചിരുന്നതിന്‍റെ തെളിവായി അവള്‍ നിങ്ങള്‍ക്കു സമ്മാനിച്ച പ്രേമ ലേഖനങ്ങള്‍,
പിറന്നാള്‍ സമ്മാനം,തുടങ്ങി പ്രണയത്തിന്‍റെ നിത്യ സ്മാരകങ്ങളായി താങ്കള്‍ കാത്തു സൂക്ഷിക്കുന്നവയുടെ ഫോട്ടോ കോപ്പിയും താഴെ കാണുന്ന വിലാസത്തില്‍ ഉടന്‍ അയച്ചു തരുക..
niraashakaamukan@gmail.com

യൂണിയന്‍റെ ഒഫീഷ്യല്‍ വെബ്‌ സൈറ്റ് ആയ http://kaamukavilaapam.blogspot.com/ ഫോളോ ചെയ്യുന്നവര്‍ക്കും അംഗത്വം ലഭിക്കുന്നതാണ്..

(NB:പ്രണയിക്കുന്നവരെക്കാള്‍ കൂടുതല്‍ പ്രണയിച്ചു പരാജയം അടഞ്ഞവര്‍ ആണെന്ന തിരിച്ചറിവില്‍ താങ്കളുടെ നിരാശയുടെ തോത് അളക്കാന്‍ 'പ്രണയ നൈരാശ്യ തോത് വിശകലന' പരീക്ഷയും ഇന്റര്‍വ്യൂ വും ഉണ്ടായിരിക്കുന്നതാണ്..)

2010, ജൂൺ 12, ശനിയാഴ്‌ച

സകല നിരാശകാമുകന്മാര്‍ക്കും....

നിരാശകാമുകന്മാരേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍..എന്തെന്നാല്‍ നഷ്ടപ്പെട്ട പ്രണയത്തെ ഓര്‍ത്തു വിലപിക്കാനുള്ള ഭാഗ്യം നിങ്ങള്‍ക്ക് മാത്രം സ്വന്തം...

പ്രണയം തളര്‍ത്തിയ മനസ്സോടെ,നോവും നൊമ്പരങ്ങളും പ്രണയകാലത്തിന്‍റെ ഒരുപിടി ഓര്‍മ്മകളുമായി ജീവിക്കുന്ന നിരാശകാമുകന്മാരേ...
നെരൂദയുടെ ഈ വരികള്‍ നിങ്ങള്‍ക്ക് ഒരു ആശ്വാസമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു..

"ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാനവളെയെന്നത് നിശ്ചയം...
എങ്കിലും എത്രമേല്‍ സ്നേഹിച്ചിരുന്നു ഞാനവളെ...."

പൂര്‍വ്വ കാമുകന്മാരേ നിങ്ങള്‍ കരയരുത്..നിങ്ങള്‍ കരഞ്ഞാലും കൂടെ കരയാന്‍ അവള്‍ ഇല്ല.
നിങ്ങള്‍ ചിരിക്കരുത്..കൂടെ ചിരിക്കാനും അവളില്ല.
നിങ്ങള്‍ തളരുകയേ അരുത്..പ്രണയമേല്‍പ്പിച്ച നോവിലും തളരരുത്.. നിങ്ങള്‍ തളര്‍ന്നാല്‍ ശല്യം തീര്‍ന്നു എന്ന് കരുതി അവള്‍ സന്തോഷിക്കും...

അതുകൊണ്ട് പ്രിയപ്പെട്ട കാമുകന്മാരേ നിങ്ങള്‍ വിലപിക്കണം..നിനക്ക് നഷ്ടമായ പ്രണയത്തെ ഓര്‍ത്തു മാത്രമല്ല, അതുവഴി അവള്‍ക്കു നഷ്ടമായ വസന്തത്തെ ഓര്‍ത്തും വിലപിക്കണം..
നിങ്ങള്‍ സംഘടിക്കണം..ഞാന്‍ ഉടന്‍ വിളിച്ചു കൂട്ടുന്ന അഗില ലോക നിരാശ കാമുക സമ്മേളനത്തില്‍ പങ്കെടുത്ത്‌, മധുരിക്കുന്ന ഓര്‍മ്മകളെ ഓര്‍ത്ത് വിലപിക്കണം.
അങ്ങനെ സകല നിരാശ കാമുകന്മാരുടെയും വിലാപങ്ങള്‍ അണ പൊട്ടി ഒഴുകി നിങ്ങളെ നിരാശ കാമുകനാക്കിയ, നിങ്ങളെ പ്രണയനൈരാശ്യത്തിന്‍റെ തടവറയിലാക്കിയ സകല പെണ്‍കുട്ടികളും കാമുകന്മാരുടെ കണ്ണീര്‍ പ്രവാഹത്തില്‍ മുങ്ങിച്ചാവട്ടെ..
നിങ്ങളുടെ പരമമായ ആശ്വാസത്തിനു എനിക്ക് ഇങ്ങനെയേ സഹായിക്കാന്‍ കഴിയൂ...

വിലാപത്തിന്‍റെ പ്രാഥമികപാഠങ്ങള്‍..

അന്ന് എന്തൊക്കെ ആയിരുന്നു..?

അവള്...ഞാന്
നമ്മള്
പ്രേമം...പ്രേമലേഖനം
പ്രണയം...പൂവ്...വസന്തം
മൊബൈല്‍...ഐസ്ക്രീം...മോതിരം...ചുംബനം
മാങ്ങാത്തൊലി...ഉലക്കയുടെ മൂട്...ചക്കച്ചുള

എന്നിട്ടോ

"പോയി"

"ആര്"

"അവള്"

"അപ്പോള്‍ നീയോ"

"ഞാന്‍ അല്ലേ ഇവിടെയിരുന്നു വിലപിക്കുന്നത്...?"

"കഷ്ടം"

അവളെ ആദ്യമായി കണ്ട നിമിഷത്തെ ഓര്‍ത്തു പോവുകയാണ്..
ഒരു മഴക്കാലത്തായിരുന്നു ഞാന്‍ നിന്നെ ആദ്യമായി കണ്ടത്.
മഴച്ചാറ്റലേറ്റു കാറ്റത്ത് ഉലയുന്ന മുടിഴിയകള്‍ മാടിയൊതുക്കി നടന്നകലുന്ന നിന്നെയും നോക്കി ഒരുപാട് നേരം ഞാന്‍ അവിടെ തന്നെ നിന്നു..

ആദ്യകാഴ്ചയില്‍ തന്നെ നീ എന്‍റെ മനസ്സിനെ വീഴ്ത്തിക്കളഞ്ഞു.

ആ കണ്ണുകളിലെ തിളക്കമായിരുന്നു എന്നെ നിന്നിലേക്ക് ആകര്‍ഷിച്ചത്.പലപ്പോഴും നീ അറിയാതെ ഞാന്‍ നിന്നെ തന്നെ നോക്കി നിന്നു.അപ്പോഴേക്കും എന്‍റെ മനസ്സില്‍ ഞാന്‍ പോലുമറിയാതെ നീ കൂടൊരുക്കുവാന്‍ തുടങ്ങിയിരുന്നു.

ഒരേ ക്ലാസ്സില്‍ ആയിരുന്നിട്ടും,തൊട്ടടുത്തിരുന്നു സംസാരിച്ചിട്ടും ഉള്ളിലെ ഇഷ്ടം മാത്രം നിന്നോടു തുറന്നു പറയാന്‍ എനിക്കായില്ല.ഞാന്‍ പറഞ്ഞ തമാശകള്‍ നിന്നെ ഏറെ രസിപ്പിച്ചുവെന്നും അത് കൊണ്ടുതന്നെ നീ എന്‍റെ അടുത്തേക്ക് വരുന്നതും എന്‍റെ സാമീപ്യം നീ ഇഷ്ടപ്പെടുന്നുവെന്നും തിരിച്ചറിഞ്ഞപ്പോള്‍ എനിക്ക് ഇനിയും ഇഷ്ടം ഉള്ളിലോതുക്കുവാന്‍ പറ്റില്ല എന്നായി.

തീരെ വയ്യാതായപ്പോള്‍, ഒരു വൈകുന്നേരം, മഴ പെയ്തൊഴിഞ്ഞ നേരം, വാകമരച്ചോട്ടില്‍ വച്ച് ഉള്ളിലെ ഇഷ്ടം അവളോട് തുറന്നു പറഞ്ഞു. യാതൊരു മുഖവരയുമില്ലാതെ..

"എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ടായിരുന്നു."

"എന്താ പറഞ്ഞോളൂ"

"അത് പിന്നെ എനിക്ക് കുട്ടിയെ ഒരുപാട്......."

"എനിക്കും.."

അന്നുമുതലാണ്‌ വസന്തം വിരിയാന്‍ തുടങ്ങിയത്...പിന്നീടങ്ങോട്ട് ആഹ്ലാദത്തിന്‍റെ നാളുകള്‍ ആയിരുന്നു.

ഊണില്ല...ഉറക്കമില്ല...
സദാ സമയവും അവളെ തന്നെ ധ്യാനിച്ചുകൊണ്ടിരിപ്പായി..
രാത്രികാലങ്ങള്‍ മുഴുവന്‍ അവളെ മാത്രം സ്വപ്നം കണ്ടു....
തൂവെള്ള ഗൌണ്‍ അണിഞ്ഞു, കുതിരപ്പുറത്തു രാജകുമാരനെ തേടി അവള്‍ വരുന്നത് കണ്ടു സ്വയം ആനന്ദിച്ചു...

ഒരു കുടക്കീഴില്‍ കരങ്ങള്‍ ചേര്‍ത്ത് പിടിച്ച് മഴയത്തൂടെ നടന്നു പോകുന്നതും വിറയാര്‍ന്ന കൈകളോടെ അവളുടെ കഴുത്തില്‍ ആകാശത്തെ നക്ഷത്രങ്ങളെ സാക്ഷി നിര്‍ത്തി മിന്നു ചാര്‍ത്തുന്നതും പ്രണയത്തിന്‍റെ അനശ്വര സ്മാരകമായ താജ് മഹലിന്‍റെ മുന്‍പില്‍ ചെന്നുനിന്ന് അവളുടെ തുടുത്ത കവിളില്‍ ഒരു ചുംബനം നല്‍കുന്നതും കണ്ടു സന്തോഷിച്ച് നിര്‍വൃതി അടഞ്ഞു..

പിന്നീടുള്ള ദിവസങ്ങളില്‍ കുളിക്കുവാനും ഒരുങ്ങുവാനും പതിവിലേറെ സമയമെടുത്തു.അവളെ
കാണാന്‍ പോകുന്നതിന്‍റെ സന്തോഷത്തില്‍ മനസ്സ് തുള്ളിച്ചാടാന്‍ തുടങ്ങി.

ക്യാമ്പസില്‍ എത്തിയാല്‍ ദേവലോകത്ത് എത്തിയ പോലെ ആയിരുന്നു..

അവളും ഞാനും...
ഞാനും അവളും...
ഞങ്ങളുടെ പ്രണയവും മാത്രം..

തളിര് പോലെയുള്ള അവളുടെ കരങ്ങളില്‍ തലോടി വാകമരച്ചോട്ടിലും സ്റ്റോണ്‍ ബെഞ്ചിലും ഇരുന്ന് ചുമ്മാ കത്തിയടിച്ച നിമിഷങ്ങള്‍ ക്ലാസ്സില്‍ കയറി രണ്ടക്ഷരം പഠിച്ചിരുന്നെങ്കില്‍ ഇന്നു ഞാന്‍ ആരായേനെ..?
ഒരിടത്തുതന്നെ ഇരുന്നു ആസനം ചൊറിയുമ്പോള്‍ മറ്റൊരിടത്തേക്ക്..
വീട്ടിലെ റബ്ബര്‍ ഷീറ്റ് മോഷ്ടിച്ചാണെങ്കിലും കുറെ പുത്തനുടുപ്പും ഷൂസും അത്തറും വാങ്ങി കൂട്ടി...
എന്നെ കാണാന്‍ ഒരു ഗുമ്മില്ലെന്നു അവള്‍ പറയരുതല്ലോ...

ശനിയും ഞായറും...
ദൈവമേ അതെങ്ങനെ കഴിച്ചു കൂട്ടി എന്ന് നിനക്ക് മാത്രമേ അറിയൂ...
കാണാന്‍ കഴിഞ്ഞില്ലെങ്കിലും വേണ്ടില്ല ഒന്ന് വിളിക്കാനെങ്കിലും....
വീട്ടുകാര്‍ അറിയാതെ അവള്‍ക്ക് ഒരു മൊബൈല്‍ വാങ്ങി കൊടുത്തു..ഗള്‍ഫിലുള്ള അപ്പന്‍ അറിഞ്ഞാല്‍ എന്നെ തുണ്ടം തുണ്ടമാക്കിയേനെ..

വീട്ടില്‍ റേഞ്ച് ഇല്ലാത്തതു കൊണ്ട് രാത്രി എല്ലാവരും ഉറങ്ങുമ്പോള്‍ ടെറസ്സിന്‍റെ മുകളിലോ റബ്ബര്‍ മരത്തിന്‍റെ ചില്ലയിലോ അള്ളിപ്പിടിച്ചു കയറി അവളോട് സംസാരിച്ച്‌ ഉള്ളിലെ വിഷമം തീര്‍ത്തു.ഒരു കാറ്റ്‌ വീശിയാല്‍ മതി സംസാരം അവിടെ മുറിയും..
ഹലോ ഹലോ.. പോയോ...
കാറ്റിനു പ്രണയത്തിന്‍റെ വേദന അറിയുമോ...?
ഒരു മാസം 2000 മെസ്സേജ് ഫ്രീ തന്നതിന് ബി.എസ്.എന്‍.എല്‍ നു ആയിരം നന്ദി പറഞ്ഞു.. എന്നിട്ടും, എത്ര നേരം അവളോട് സംസാരിച്ചിട്ടും സ്വയം തൃപ്തി വരാറില്ലായിരുന്നു..
പറയാന്‍ ഏറെയും ബാക്കി വച്ചത് പോലെ..

മറ്റൊരിക്കല്‍ സമയമേറെ വൈകിയിട്ടും അവിടെ തന്നെ ഇരുന്നതിനാണ് യൂണിയന്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തിയത്..
"ഇത് ഞാന്‍ സ്നേഹിക്കുന്ന പെണ്ണ്..
ഇത് ഞങ്ങളുടെ പ്രണയം...
അതുകൊണ്ട് യൂണിയന്‍കാര് പോ...പോ"
അവളുടെ മുന്‍പില്‍ വച്ച് തന്നെ അവര്‍ അരിശം തീര്‍ത്തു. പിന്നെ ആരോടൊക്കെയോ വാശി ആയിരുന്നു... എന്തൊക്കെ സംഭവിച്ചാലും അവളെ ആര്‍ക്കും വിട്ടു കൊടുക്കില്ലെന്ന് ശപഥം ചെയ്തതും അന്നാണ്..
പക്ഷെ ആ സംഭവത്തിനു ശേഷം ഏറെ നേരം കൂടെയിരിക്കാന്‍ അവള്‍ കൂട്ടാക്കിയില്ല.

ക്യാമ്പസിലെ പ്രണയിതാക്കളെക്കൊണ്ട് മാത്രം കോടീശ്വരനായ രമേശേട്ടന്‍റെ കൂള്‍ബാറില്‍ വച്ചാണ് അവളെ ആദ്യമായി സ്പര്‍ശിച്ചത്...(ഒരു വര്‍ഷം കൊണ്ട് രമേശേട്ടന്‍റെ സമ്പാദ്യം ഈയുള്ളവന്‍ കാരണം 25 ശതമാനമാണ് വര്‍ധിച്ചത്.)

അന്ന് അവളുടെ പിറന്നാള്‍ ആയിരുന്നു.
ഞാന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടി..
അവളുടെ ആദ്യ പിറന്നാള്‍..
അതുകൊണ്ട് കാര്യമായി എന്തെങ്കിലും കൊടുത്തേ തീരൂ..
വീട്ടിലെ റബ്ബര്‍ഷീറ്റ് വീണ്ടും മോഷണം പോയി....

4200 രൂപ വിലയുള്ള മുത്ത് പതിപ്പിച്ച മോതിരം അവളുടെ വിരലില്‍ അണിയിച്ച ശേഷം ആ വിരലുകള്‍ എന്‍റെ വിറയാര്‍ന്ന കരങ്ങളില്‍ എടുത്ത് ആദ്യമായി ഒരു ചുംബനം നല്‍കി.
അന്നവളുടെ കണ്ണില്‍ നനവ് പടര്‍ന്നിരുന്നു..
പൊടുന്നനെയുള്ള ആ ചോദ്യം എന്നെയാകെ ഉലച്ചു കളഞ്ഞു...

"ഞാന്‍ മരിച്ചാല്‍ ഇച്ചായന്‍ എനിക്കുവേണ്ടി താജ്മഹല്‍ പണിയുമോ..?"
രണ്ടാമതൊന്നു ആലോചിക്കാതെ തന്നെ ഞാന്‍ പറഞ്ഞു..
"നീ പോയാല്‍ കൂടെ ഞാനും വരും..."
അതും പോരാഞ്ഞ് വീണ്ടും പറഞ്ഞു...
"നീ എന്നെ കൈവെടിഞ്ഞാലും ആ നിമിഷം ഞാന്‍ ജീവനൊടുക്കും..."
ഇത് കൂടിയായപ്പോള്‍ അവള്‍ക്കു നിയന്ത്രിക്കാനായില്ല...
ഒരു കൊച്ചു കുട്ടിയെ പോലെ പരിസരം മറന്ന്അവള്‍ പൊട്ടിക്കരഞ്ഞു...
ഇല്ല... ഇല്ല .. എനിക്കെന്‍റെ ഇച്ചായനെ മറക്കാന്‍ ആവില്ലെന്ന് പറഞ്ഞ് അവളെന്നെ കെട്ടിപ്പിടിച്ചു...


പ്രിയപ്പെട്ട കാമുകന്മാരെ പിന്നീട് എവിടെയാണ് നിങ്ങള്‍ക്ക് പിഴച്ചത്...?
പ്രണയത്തിന്‍റെ വ്യഗ്രതയില്‍ അവളെ ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയാതെ പോയോ..?
അതോ, നിങ്ങള്‍ അവളെ ജീവനെക്കാളെറെ സ്നേഹിക്കുന്നുവെന്നു അവളെ ബോധ്യപ്പെടുത്താന്‍ കഴിയാതെ പോയോ...?

ഇത്രയേറെ സ്നേഹിച്ചിട്ടും അവള്‍ എന്തുകൊണ്ട് നിങ്ങളെ കൈവെടിഞ്ഞു...?
എന്‍റെ ഇച്ചായനെ മറക്കാന്‍ എനിക്കാവില്ലെന്നാണല്ലോ അവള്‍ നിങ്ങളോട്പറഞ്ഞത്....?

അതൊക്കെ പോകട്ടേ..
ഞാന്‍ നിന്നോട് ചോദിക്കുകയാണ്..
നീ മറുപടി പറഞ്ഞെ തീരൂ..

അവളില്ലാതെ ഒരു നിമിഷം പോലും ജീവിച്ചിരിക്കാന്‍ അവില്ലെന്നല്ലേ നീയും അവളോട് പറഞ്ഞതും....?
അപ്പോള്‍
നീയും അവളെ ആത്മാര്‍ഥമായിട്ടായിരുന്നില്ല സ്നേഹിച്ചിരുന്നത് അല്ലെ...?

(അങ്ങനെ ലോകത്ത് ഒരു നിരാശ കാമുകന്‍ കൂടി ഉണ്ടായി...)

2010, മേയ് 25, ചൊവ്വാഴ്ച

ഒരു പാവം പെണ്‍കുട്ടി...

അവനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്നും ഉള്ളില്‍ ഒരു നീറ്റല്‍ ആണ്....അതോടൊപ്പം ആ പാവം പെണ്‍കുട്ടിയെക്കുറിച്ചും...

എട്ടാംക്ലാസ് മുതല്‍ അവന്‍ എന്‍റെ ഉറ്റ സുഹൃത്തായിരുന്നു...അവളും.നിഷ്കളങ്കനായ ആ സുഹൃത്ത്‌ ഇന്ന് ഞങ്ങളോടോത്തില്ല....പ്രണയവും നൊമ്പരങ്ങളുമില്ലാത്ത ലോകത്തേയ്ക്ക്, സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിവച്ച് അവന്‍ യാത്രയായി...

പ്രിയ സുഹൃത്തേ,,നീ എവിടെയായിരുന്നാലും എന്നും ഞാന്‍ നിനക്ക് വേണ്ടി പ്രാര്‍ഥിക്കും...എന്നും.

അവനു ഒരു ഇഷ്ടം ഉണ്ടായിരുന്നു.ഒരു ചെറിയ ഇഷ്ടം.തൊട്ടടുത്ത ക്ലാസ്സിലെ ഒരു കൂട്ടുകാരിയോട്...
എന്നാല്‍ അവന്‍റെ കൗമാരപ്രണയം അത്രമേല്‍ നിസ്സഹായവും നൊമ്പരങ്ങള്‍ മാത്രം നിറഞ്ഞതും ആയിരുന്നു.അവന്‍റെ ഉള്ളിലെ ഇഷ്ടം അവന്‍ അവളോട്‌ തുറന്നു പറഞ്ഞു..ഒന്നല്ല,അനേകായിരം തവണ..
എല്ലായ്പ്പോഴും അവള്‍ അത് നിരസിച്ചു.കാരണമേതും കൂടാതെ...അതവന്‍റെ മനസ്സിനെ ഏറെ മുറിവേല്‍പ്പിച്ചിരുന്നു.ഓരോ തവണയും ഒട്ടേറെ പ്രതീക്ഷകളോടെ അവന്‍ അവളെ സമീപിച്ചു.അപ്പോഴൊക്കെയും അവള്‍ അവനെ വീണ്ടും നിരാശപ്പെടുത്തി.പലതവണ ഇതാവര്‍ത്തിച്ചു.
ഒരിക്കല്‍ കൈയ്യില്‍ ഒരു തുന്നിക്കെട്ടുമായാണ് അവന്‍ വന്നത്.പ്രണയത്തിന്‍റെ തീവ്രതയില്‍ അവന്‍ കൈയ്യിലെ ഞരമ്പ്‌ മുറിക്കുവാന്‍ ശ്രമിച്ചുവത്രേ.മാത്രമല്ല,അവളുടെ പേര് കൈത്തണ്ടയില്‍ ബ്ലേഡ് കൊണ്ട് ഒരല്‍പ്പം വലുതായി കോറിവച്ചിരിക്കുന്നു.ഇത് ഞങ്ങളെ ഒരുപാട് വിഷമിപ്പിച്ചു.ഞാനും ഒരു സുഹൃത്തും അവളെ കണ്ടു സംസാരിച്ചു.അവന്‍ ഇപ്പോള്‍ കാണിച്ച അവിവേകം അടക്കം പറഞ്ഞ് അവളുടെ മനസ്സ് മാറ്റാന്‍ പറ്റുമോ എന്നൊരു ശ്രമം.എന്നാല്‍ നമുക്കൊരിക്കലും മറ്റുള്ളവരുടെ സ്നേഹം ബലമായി പിടിച്ചു വാങ്ങാന്‍ പറ്റില്ലല്ലോ.അവള്‍ക്കവനെ ഒരിക്കലും സ്നേഹിക്കുവാന്‍ കഴിയുമായിരുന്നില്ല.ഞങ്ങള്‍ അവനെക്കുറിച്ച് പറയുന്തോറും അവള്‍ ദേഷ്യപ്പെട്ടു.എന്നെ വെറുതെ വിടണമെന്ന്‌ അവനോട് പറയാന്‍ പറഞ്ഞ് കരഞ്ഞു കൊണ്ട് അവള്‍ അവിടെ നിന്നും ഓടിപ്പോയി.അങ്ങനെ ഞങ്ങളുടെ ആ പ്രതീക്ഷയും അവസാനിച്ചു.പിന്നീട് അവനെ ഉപദേശിക്കാനായി ശ്രമം.എന്നാല്‍ അവന്‍ അപ്പോഴും പ്രതീക്ഷയിലായിരുന്നു.

ഒരിക്കല്‍ കമ്പ്യൂട്ടര്‍ ക്ലാസ്സില്‍വച്ച് മൈക്രോസോഫ്റ്റ് പവര്‍പോയിന്റില്‍ അവന്‍ തയ്യാറാക്കിയ സ്ലൈഡ്ഷോ അധ്യാപകരെ പോലും ഞെട്ടിച്ചുകളഞ്ഞു.സൌണ്ട് റെക്കോര്‍ഡ്‌ ചെയ്യാന്‍ പഠിപ്പിക്കുമ്പോള്‍ അവളുടെ പേര് അവന്‍ ഉറക്കെ വിളിച്ചു പറഞ്ഞു.അധ്യാപകര്‍ അവനെ ശാസിച്ചു.രണ്ടു പേരുടെയും വീട്ടില്‍ അറിയുവാനും അത് ഇടയായി.അവളുടെ സഹോദരന്‍ അവനെ താക്കീത്ചെയ്തപ്പോഴും അവന്‍ പതറിയില്ല.അപ്പോഴും ആത്മവിശ്വാസത്തില്‍ ആയിരുന്നു അവന്‍.പിന്നീട് അവള്‍ അവനെ തീരേ ഗൌനിക്കതെയായി.അവന്‍റെ നിഴല്‍വെട്ടം കാണുമ്പോഴേക്കും അവള്‍ ഓടിക്കളയും.അവള്‍ അവനെ എത്രമാത്രം വെറുക്കാന്‍ തുടങ്ങിയോ,അത്രമേല്‍ അവന്‍ അവളെ കൂടുതല്‍ സ്നേഹിക്കാനും തുടങ്ങി.വൈകിയാണെങ്കിലും ഒരുനാള്‍ അവള്‍ തന്‍റെ ഇഷ്ടം അംഗീകരിക്കുമെന്ന പ്രതീക്ഷയില്‍ അവന്‍ കാത്തിരുന്നു..

എസ്‌.എസ്.എല്‍.സി.എക്സാം കഴിഞ്ഞു..എല്ലാവരും യാത്ര ചൊല്ലി പിരിഞ്ഞു.ഗ്രൂപ്പ്‌ ഫോട്ടോ എടുക്കുമ്പോള്‍ അവളുടെ തൊട്ടടുത്ത്‌ നില്‍ക്കാന്‍ അവന്‍ കുറെ ശ്രമിച്ചു.ആ ഫോട്ടോയില്‍ അവളുടെ തൊട്ടു പിറകില്‍ അവനുണ്ട്.

പിന്നീട് അവര്‍ രണ്ടു പേരും അതെ സ്കൂളില്‍ പ്ലസ്‌വണ്ണിനു ചേര്‍ന്നു.ഞാന്‍ മറ്റൊരിടത്തും.
അവന്‍റെ കാര്യങ്ങളൊക്കെ പഴയ പോലെ തന്നെയാണെന്നു കൂട്ടുകാര്‍ പറഞ്ഞ് അറിഞ്ഞു.ഇടയ്ക്ക് കാണുമ്പോഴോക്കെയും അവളെക്കുറിച്ച് അവന്‍ പറയുമായിരുന്നു..തന്‍റെ കാത്തിരുപ്പ് വെറുതെ ആകുമോ എന്നായിരുന്നു അവന്‍ എന്നോട് ചോദിച്ചത്...
ഇല്ലെടാ,,ഒരുനാള്‍ അവള്‍ നിന്‍റെതു മാത്രം ആകുമെന്ന് ഞാന്‍ അവനെ ആശ്വസിപ്പിക്കാന്‍ വേണ്ടി പറഞ്ഞു.
കുറെ നാളുകള്‍ക്കുശേഷം രണ്ടാം വര്‍ഷമോഡല്‍ എക്സാം നടക്കുമ്പോള്‍ എന്നെ തേടിയെത്തിയ വാര്‍ത്ത തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.ഒരു അപകടത്തില്‍ പെട്ട്, ഞങ്ങളെയൊക്കെ ഇവിടെ തനിച്ചാക്കി അവന്‍ പോയി.സ്വപങ്ങലോക്കെയും ബാക്കിവച്ച്...
എക്സാം പോലും എഴുതാതെ ഞാന്‍ അവന്‍റെ വീട്ടിലേക്കു പാഞ്ഞു.വഴിയിലുടനീളം അവന്‍റെ ചിരിക്കുന്ന ചിത്രം ഉള്ള പോസ്റ്റര്‍ പതിച്ചിരുന്നു...ഒരു നാടിന്‍റെ മുഴുവന്‍ കണ്ണിലുണ്ണിയായിരുന്നു അവന്‍.കുളിപ്പിച്ച്,ഒരു രാജകുമാരനെ പോലെ കിടത്തിയിരിക്കുന്ന അവന്‍റെ ചേതനയറ്റ മുഖത്തെയ്ക്ക് ഒന്ന് നോക്കാന്‍ പോലും ആകാതെ ഞാന്‍ അവിടെ തന്നെ നിന്നു.പള്ളിയില്‍ ശവസംസ്കാരശുശ്രൂഷകള്‍ നടക്കുമ്പോള്‍ പെണ്‍കുട്ടികളടക്കം പലരും തളര്‍ന്നു വീഴുന്നത് കാണാമായിരുന്നു.
അതെ,അവന്‍റെ വേര്‍പാട് ഞങ്ങളെ അത്രമേല്‍ തളര്‍ത്തിയിരുന്നു.കളിച്ചു ചിരിച്ച്,പ്രണയത്തിന്‍റെ നൊമ്പരവും ഉള്ളിലോതുക്കി എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന പ്രിയപ്പെട്ട സുഹൃത്തിന്‍റെ വേര്‍പാട് ഞങ്ങള്‍ക്ക് താങ്ങാവുന്നതിലുമധികമായിരുന്നു.
ജീവിച്ചു കൊതി തീരും മുന്‍പേ കൊഴിഞ്ഞു പോയ ഒരു പുഷ്പം,അതായിരുന്നു അവന്‍.

കല്ലരയ്ക്കരികില്‍ അല്‍പ്പനേരം കൂടി ഞാന്‍ നിന്നു,അവനു വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്.
തിരിച്ചു പോകാന്‍ ബസ്‌ കാത്തു നില്‍ക്കുമ്പോള്‍ ഒരു ജീപ്പ് സമീപം നിര്‍ത്തി.അതില്‍ പഴയ കൂട്ടുകാര്‍ ആയിരുന്നു.അവന്‍റെ ഇപ്പോഴത്തെ സഹപാഠികളും.ഞാനും അതില്‍ കയറി.
അവന്‍റെ വേര്‍പാടിന്‍റെ വേദന മായുംമുമ്പേ ആ കാഴ്ചയും എന്നെ തളര്‍ത്തി.
അവനേറെയിഷ്ടപ്പെട്ട,എന്നാല്‍ ഒരിക്കല്‍ പോലും അവന്‍റെ ഇഷ്ടത്തെ അംഗീകരിക്കാതെ,അവന്‍റെ കുഞ്ഞു മനസ്സിനെ ഏറെ മുറിവേല്‍പ്പിച്ച ആ പെണ്‍കുട്ടി,ആകെ കരഞ്ഞ്,വാടിത്തളര്‍ന്ന്,അവന്‍റെ ചിരിക്കുന്ന ചിത്രമുള്ള പോസ്റ്റര്‍ തന്‍റെ വിറയ്ക്കുന്ന ഉള്ളംകയ്യില്‍വച്ച് അതില്‍ത്തന്നെ ഉറ്റുനോക്കുകയാണ്..
ഒന്നും ഉരിയാടാനാവാതെ....
അവന്‍റെ വേര്‍പാട്‌ സൃഷ്ടിച്ച വേദനയില്‍ നീറിനീറിക്കരഞ്ഞ്...
കുറ്റബോധത്താല്‍ ആവണം അവളുടെ ശിരസ്സ് താണിരുന്നു...
പ്രിയപ്പെട്ട കൂട്ടുകാരി,നിന്‍റെ മനസ്സ് അപ്പോള്‍ എത്രമാത്രം വേദനിച്ചിരിക്കും...
ഒന്നും മനപൂര്‍വ്വം ആയിരുന്നില്ലെങ്കിലും അവന്‍ നിനക്ക് മാപ്പ് തരും...
കാരണം അവനു നിന്നെ സ്നേഹിക്കാന്‍ മാത്രമേ അറിയുമായിരുന്നുള്ളൂ...
അതുകൊണ്ടായിരുന്നു നീ ഓരോതവണ വഴക്ക് പറയുമ്പോഴും അവനതു ഉള്ളില്‍ ഒതുക്കിയത്...അവന്‍റെ ഉള്ളു നിറയെ നിന്നോടുള്ള സ്നേഹം മാത്രം ആയിരുന്നു..
അവനു നിന്നോട് ഒട്ടും ദേഷ്യം ഇല്ല..അവനെ സ്നേഹിക്കാന്‍ പഠിപ്പിച്ചത് നീയായിരുന്നു.നീ കരഞ്ഞാല്‍ അവനു വിഷമം ആകും,അതുകൊണ്ട് കരയരുത്..
എന്തോ എന്‍റെ മനസ്സ് അങ്ങനെ പറഞ്ഞു.

അവന്‍റെ വേര്‍പാട് അവളെ മാനസികമായി വളരെയധികം തളര്‍ത്തി എന്ന് പിനീട് അറിഞ്ഞു.അവന്‍റെ ഇഷ്ടത്തെ നിരസിച്ചതിന് പലരും കുറ്റപ്പെടുത്തിയതും അവളെ ഏറെ വിഷമിപ്പിച്ചു കാണും..
ഞാന്‍ അവളെ പിന്നീട് കണ്ടിട്ടില്ല..ഉപരിപഠനത്തിനായി ദൂരെ എവിടെയോ പോയി.
അവന്‍റെ ആദ്യ ചരമ വാര്‍ഷിക ദിനത്തില്‍ കല്ലറയില്‍ പൂക്കള്‍ അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുവാന്‍ അവളും വന്നു എന്നു കേട്ടു..

സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിവച്ച് എവിടെയോ പോയി മറഞ്ഞ പ്രിയ സുഹൃത്തേ...
നിന്നെപ്പോലെ അവളും ഒരു പാവം ആയിരുന്നെടാ..
സ്നേഹിക്കുവാന്‍ മാത്രം അറിയാവുന്ന ഒരു പാവം....

2010, മേയ് 14, വെള്ളിയാഴ്‌ച

പ്രിയപ്പെട്ട കൂട്ടുകാരിക്ക്...

ഒടുവില്‍ വിട പറയുവാന്‍ സമയമായി.സ്നേഹത്തിന്‍റെ ഭാഷയില്‍ നിനക്ക് യാത്രാമൊഴികള്‍ നേരാനുള്ള സമയം.
ജീവിതം എപ്പോഴും അപ്രതീക്ഷിതമായതെന്തോ നമുക്കായി കരുതി വയ്ക്കും എന്ന് എവിടെയോ വായിച്ചു......ശരിക്കും....

നിന്‍റെ ചുണ്ടുകള്‍ക്ക് കള്ളം പറയാനാവില്ലെന്നു വിശ്വസിക്കാനാണ് എനിക്കെന്നുമിഷ്ടം.
അങ്ങനെയെങ്കില്‍ വാതോരാതെ സംസാരിക്കുന്ന അനേകം സുഹൃത്തുക്കളെക്കാള്‍ ഒരു പുഞ്ചിരിയില്‍ സ്നേഹം ഒളിപ്പിക്കുന്ന തന്നോട് എനിക്ക് കൂടുതല്‍ ബഹുമാനം തോന്നിയിട്ടുണ്ട്.ഇഷ്ടവും.
എന്നിട്ടും നീ സ്വീകരിക്കാതെ പോയ ഒരു ഒഴിഞ്ഞ സമ്മാനമായിരുന്നു എന്‍റെ സ്നേഹം.

ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കാണ്..മനപൂര്‍വം തീര്‍ത്ത അതിര്‍വരമ്പുകള്‍....ചുറ്റിലും വര്‍ണ്ണങ്ങള്‍ ചിതറി വീഴുമ്പോഴും ഞാനിവിടെ തനിച്ചു നില്‍ക്കുന്നു....നിന്‍റെ സാമീപ്യം എന്നും ഒരാശ്വാസം ആയിരുന്നു.

പാദുകം മുറുക്കി പടിയിറങ്ങുമ്പോഴും തിരിഞ്ഞു നില്‍ക്കവേ എന്‍റെ ചുണ്ടുകള്‍ മന്ത്രിക്കുക നന്ദി എന്നാവും....
മനസ്സ് കൊണ്ട് ഒത്തിരി സ്നേഹിക്കുവാന്‍ അവസരം തന്നതിന്....
നിന്‍റെ ഹൃദയത്തില്‍ അല്‍പ്പകാലത്തെക്കെങ്കിലും എനിക്ക് ഇടം തന്നതിന്...

ഓര്‍മ്മകളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന വ്യഥാവാഗ്ദാനങ്ങള്‍ ഒന്നുമില്ല..എങ്കിലും കുറെ നാളത്തേക്കെങ്കിലും പൂരിപ്പിക്കാന്‍ കഴിയാതെ പോയ ഒരു മനോഹരമായ സമസ്യ പോലെ താനെന്‍റെ മനസ്സില്‍ ഉണ്ടാകും....

നിന്‍റെ പ്രതീക്ഷകളൊന്നും വൈകി വരാതിരിക്കട്ടെ...
എന്‍റെ സ്വപ്നങ്ങളൊക്കെയും കൊഴിഞ്ഞു പോകുമ്പോഴും നിന്‍റെ മോഹങ്ങള്‍ പൂത്തുലയട്ടെ....

ഇലത്തുമ്പുകളിലിനിയും പെയ്തുതീരാത്ത മഴത്തുള്ളികള്‍ ബാക്കിയാണ്...അവ പെയ്തൊഴിയാതിരിക്കുവോളം ഇനിയും നമുക്കു കാണണം......അകലുന്നത് മനമില്ലാത്തിടത്തോളം കാലം...

ഈ വേര്‍പാടിന്‍റെ നൊമ്പരമെന്നെ തളര്‍ത്തുമ്പോഴും, നിന്‍റെ പുഞ്ചിരിയെ തെറ്റിദ്ധരിച്ച ആ ദുര്‍ബല നിമിഷത്തെ ശപിക്കുമ്പോഴും ഒരു വേള കൊതിച്ചു പോവുകയാണ്.....
പ്രിയപ്പെട്ട കൂട്ടുകാരി......
നിന്‍റെ മടങ്ങി വരവിനായി......
സൗഹൃദത്തിന്‍റെ പഴയ പൂച്ചെണ്ടുകളുമായെങ്കിലും എന്‍റെ നെഞ്ചിലെ നോവിന്‍റെ തീയണയ്ക്കുവാന്‍......

2010, മേയ് 13, വ്യാഴാഴ്‌ച

കാമുക വിലാപങ്ങള്‍

ഒടുവില്‍ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി......
കായംകുളം സൂപ്പര്‍ഫാസ്റ്റ് ഉം കുമാരസംഭവങ്ങളും ഭരണങ്ങാനവും ബെര്‍ലിത്തരങ്ങളും ഒക്കെ വായിച്ച് അവരോടു അസൂയ തോന്നി തുടങ്ങിയതാണ് ഈ ബ്ലോഗ്‌... ഒരു ബ്ലോഗ്‌ തുടങ്ങണമെന്ന് കുറെ ആയി വിചാരിക്കുന്നു... എന്നാല്‍ എന്ത് എഴുതണമെന്നു അറിയില്ലായിരുന്നു....
ഞാന്‍ എന്നെ പറ്റി ഓര്‍ത്തു നോക്കി... ആപ്പോഴാണ് എന്‍റെ പരാജയപ്പെട്ട പ്രണയത്തെ കുറിച്ച് എഴുതിയാലോ എന്ന് ആലോചിച്ചത്.....അതിനു ശേഷം എല്ലാവരും പറയുന്നു എനിക്കെന്തോ മാറ്റം ഉണ്ടെന്നു...അതെ ഞാനും ഒരു നിരാശ കാമുകന്‍ ആണ്...ഒരു പക്ഷെ ലോകത്തെ കോടിക്കണക്കിനു നിരാശാകാമുകന്‍മാരില്‍ ഒരാള്‍..

ഒരിക്കല്‍ മൊബൈലില്‍ ഒരു മെസ്സേജ് കിട്ടി...ഞാന്‍ അത് ഇന്നും കീപ്‌ ചെയ്യുന്നു..ചിലപ്പോഴൊക്കെ അത് വായിക്കുമ്പോള്‍ ഒത്തിരി വിഷമം തോന്നും...അപ്പോഴൊക്കെ എനിക്ക് എന്‍റെ പ്രണയത്തെ മിസ്സ്‌ ചെയ്യും......
അതിപ്രകാരം ആണ്....

"ഒരുപാടു കാലത്തിനു ശേഷം മനസ്സിലുള്ള ഇഷ്ടം ഞാന്‍ അവളോടു പറഞ്ഞു..
നോ ..എന്നവളും..
എന്‍റെ കൂട്ടുകാര്‍ എന്നോട് ചോദിച്ചു,അവള്‍ അങ്ങനെ പറഞ്ഞതില്‍ നിനക്ക് വിഷമം ഇല്ലേ...? ഞാന്‍ പറഞ്ഞു...എന്തിനു? എനിക്ക് നഷടപ്പെട്ടത് ഒരിക്കലും എന്നെ സ്നേഹിക്കാന്‍ കഴിയാത്ത ഒരാളെയാണ്...എന്നാല്‍ അവള്‍ക്കു നഷ്ടപ്പെട്ടതു അവളെ ജീവനെക്കാളെരെ സ്നേഹിക്കുന്ന ഒരാളെയും...."

പ്രിയേ ... എന്‍റെ സ്നേഹം നീ നിഷ്കരുണ൦ തട്ടിക്കളഞ്ഞപ്പോള്‍, എന്‍റെ വേദന നീ അറിയാതെ പോയതിനെ ഓര്‍ത്തല്ല എനിക്ക് വിഷമം .....മറിച്ചു നിനക്ക് നഷ്ടമായ ഒരു വലിയ വസന്തത്തെ ഓര്‍ത്താണ്......നിനക്ക് വേണ്ടി മാത്രം മിടിക്കുമായിരുന്ന ഒരു ഹൃദയത്തെ ഓര്‍ത്താണ്...