2010, മേയ് 25, ചൊവ്വാഴ്ച

ഒരു പാവം പെണ്‍കുട്ടി...

അവനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്നും ഉള്ളില്‍ ഒരു നീറ്റല്‍ ആണ്....അതോടൊപ്പം ആ പാവം പെണ്‍കുട്ടിയെക്കുറിച്ചും...

എട്ടാംക്ലാസ് മുതല്‍ അവന്‍ എന്‍റെ ഉറ്റ സുഹൃത്തായിരുന്നു...അവളും.നിഷ്കളങ്കനായ ആ സുഹൃത്ത്‌ ഇന്ന് ഞങ്ങളോടോത്തില്ല....പ്രണയവും നൊമ്പരങ്ങളുമില്ലാത്ത ലോകത്തേയ്ക്ക്, സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിവച്ച് അവന്‍ യാത്രയായി...

പ്രിയ സുഹൃത്തേ,,നീ എവിടെയായിരുന്നാലും എന്നും ഞാന്‍ നിനക്ക് വേണ്ടി പ്രാര്‍ഥിക്കും...എന്നും.

അവനു ഒരു ഇഷ്ടം ഉണ്ടായിരുന്നു.ഒരു ചെറിയ ഇഷ്ടം.തൊട്ടടുത്ത ക്ലാസ്സിലെ ഒരു കൂട്ടുകാരിയോട്...
എന്നാല്‍ അവന്‍റെ കൗമാരപ്രണയം അത്രമേല്‍ നിസ്സഹായവും നൊമ്പരങ്ങള്‍ മാത്രം നിറഞ്ഞതും ആയിരുന്നു.അവന്‍റെ ഉള്ളിലെ ഇഷ്ടം അവന്‍ അവളോട്‌ തുറന്നു പറഞ്ഞു..ഒന്നല്ല,അനേകായിരം തവണ..
എല്ലായ്പ്പോഴും അവള്‍ അത് നിരസിച്ചു.കാരണമേതും കൂടാതെ...അതവന്‍റെ മനസ്സിനെ ഏറെ മുറിവേല്‍പ്പിച്ചിരുന്നു.ഓരോ തവണയും ഒട്ടേറെ പ്രതീക്ഷകളോടെ അവന്‍ അവളെ സമീപിച്ചു.അപ്പോഴൊക്കെയും അവള്‍ അവനെ വീണ്ടും നിരാശപ്പെടുത്തി.പലതവണ ഇതാവര്‍ത്തിച്ചു.
ഒരിക്കല്‍ കൈയ്യില്‍ ഒരു തുന്നിക്കെട്ടുമായാണ് അവന്‍ വന്നത്.പ്രണയത്തിന്‍റെ തീവ്രതയില്‍ അവന്‍ കൈയ്യിലെ ഞരമ്പ്‌ മുറിക്കുവാന്‍ ശ്രമിച്ചുവത്രേ.മാത്രമല്ല,അവളുടെ പേര് കൈത്തണ്ടയില്‍ ബ്ലേഡ് കൊണ്ട് ഒരല്‍പ്പം വലുതായി കോറിവച്ചിരിക്കുന്നു.ഇത് ഞങ്ങളെ ഒരുപാട് വിഷമിപ്പിച്ചു.ഞാനും ഒരു സുഹൃത്തും അവളെ കണ്ടു സംസാരിച്ചു.അവന്‍ ഇപ്പോള്‍ കാണിച്ച അവിവേകം അടക്കം പറഞ്ഞ് അവളുടെ മനസ്സ് മാറ്റാന്‍ പറ്റുമോ എന്നൊരു ശ്രമം.എന്നാല്‍ നമുക്കൊരിക്കലും മറ്റുള്ളവരുടെ സ്നേഹം ബലമായി പിടിച്ചു വാങ്ങാന്‍ പറ്റില്ലല്ലോ.അവള്‍ക്കവനെ ഒരിക്കലും സ്നേഹിക്കുവാന്‍ കഴിയുമായിരുന്നില്ല.ഞങ്ങള്‍ അവനെക്കുറിച്ച് പറയുന്തോറും അവള്‍ ദേഷ്യപ്പെട്ടു.എന്നെ വെറുതെ വിടണമെന്ന്‌ അവനോട് പറയാന്‍ പറഞ്ഞ് കരഞ്ഞു കൊണ്ട് അവള്‍ അവിടെ നിന്നും ഓടിപ്പോയി.അങ്ങനെ ഞങ്ങളുടെ ആ പ്രതീക്ഷയും അവസാനിച്ചു.പിന്നീട് അവനെ ഉപദേശിക്കാനായി ശ്രമം.എന്നാല്‍ അവന്‍ അപ്പോഴും പ്രതീക്ഷയിലായിരുന്നു.

ഒരിക്കല്‍ കമ്പ്യൂട്ടര്‍ ക്ലാസ്സില്‍വച്ച് മൈക്രോസോഫ്റ്റ് പവര്‍പോയിന്റില്‍ അവന്‍ തയ്യാറാക്കിയ സ്ലൈഡ്ഷോ അധ്യാപകരെ പോലും ഞെട്ടിച്ചുകളഞ്ഞു.സൌണ്ട് റെക്കോര്‍ഡ്‌ ചെയ്യാന്‍ പഠിപ്പിക്കുമ്പോള്‍ അവളുടെ പേര് അവന്‍ ഉറക്കെ വിളിച്ചു പറഞ്ഞു.അധ്യാപകര്‍ അവനെ ശാസിച്ചു.രണ്ടു പേരുടെയും വീട്ടില്‍ അറിയുവാനും അത് ഇടയായി.അവളുടെ സഹോദരന്‍ അവനെ താക്കീത്ചെയ്തപ്പോഴും അവന്‍ പതറിയില്ല.അപ്പോഴും ആത്മവിശ്വാസത്തില്‍ ആയിരുന്നു അവന്‍.പിന്നീട് അവള്‍ അവനെ തീരേ ഗൌനിക്കതെയായി.അവന്‍റെ നിഴല്‍വെട്ടം കാണുമ്പോഴേക്കും അവള്‍ ഓടിക്കളയും.അവള്‍ അവനെ എത്രമാത്രം വെറുക്കാന്‍ തുടങ്ങിയോ,അത്രമേല്‍ അവന്‍ അവളെ കൂടുതല്‍ സ്നേഹിക്കാനും തുടങ്ങി.വൈകിയാണെങ്കിലും ഒരുനാള്‍ അവള്‍ തന്‍റെ ഇഷ്ടം അംഗീകരിക്കുമെന്ന പ്രതീക്ഷയില്‍ അവന്‍ കാത്തിരുന്നു..

എസ്‌.എസ്.എല്‍.സി.എക്സാം കഴിഞ്ഞു..എല്ലാവരും യാത്ര ചൊല്ലി പിരിഞ്ഞു.ഗ്രൂപ്പ്‌ ഫോട്ടോ എടുക്കുമ്പോള്‍ അവളുടെ തൊട്ടടുത്ത്‌ നില്‍ക്കാന്‍ അവന്‍ കുറെ ശ്രമിച്ചു.ആ ഫോട്ടോയില്‍ അവളുടെ തൊട്ടു പിറകില്‍ അവനുണ്ട്.

പിന്നീട് അവര്‍ രണ്ടു പേരും അതെ സ്കൂളില്‍ പ്ലസ്‌വണ്ണിനു ചേര്‍ന്നു.ഞാന്‍ മറ്റൊരിടത്തും.
അവന്‍റെ കാര്യങ്ങളൊക്കെ പഴയ പോലെ തന്നെയാണെന്നു കൂട്ടുകാര്‍ പറഞ്ഞ് അറിഞ്ഞു.ഇടയ്ക്ക് കാണുമ്പോഴോക്കെയും അവളെക്കുറിച്ച് അവന്‍ പറയുമായിരുന്നു..തന്‍റെ കാത്തിരുപ്പ് വെറുതെ ആകുമോ എന്നായിരുന്നു അവന്‍ എന്നോട് ചോദിച്ചത്...
ഇല്ലെടാ,,ഒരുനാള്‍ അവള്‍ നിന്‍റെതു മാത്രം ആകുമെന്ന് ഞാന്‍ അവനെ ആശ്വസിപ്പിക്കാന്‍ വേണ്ടി പറഞ്ഞു.
കുറെ നാളുകള്‍ക്കുശേഷം രണ്ടാം വര്‍ഷമോഡല്‍ എക്സാം നടക്കുമ്പോള്‍ എന്നെ തേടിയെത്തിയ വാര്‍ത്ത തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.ഒരു അപകടത്തില്‍ പെട്ട്, ഞങ്ങളെയൊക്കെ ഇവിടെ തനിച്ചാക്കി അവന്‍ പോയി.സ്വപങ്ങലോക്കെയും ബാക്കിവച്ച്...
എക്സാം പോലും എഴുതാതെ ഞാന്‍ അവന്‍റെ വീട്ടിലേക്കു പാഞ്ഞു.വഴിയിലുടനീളം അവന്‍റെ ചിരിക്കുന്ന ചിത്രം ഉള്ള പോസ്റ്റര്‍ പതിച്ചിരുന്നു...ഒരു നാടിന്‍റെ മുഴുവന്‍ കണ്ണിലുണ്ണിയായിരുന്നു അവന്‍.കുളിപ്പിച്ച്,ഒരു രാജകുമാരനെ പോലെ കിടത്തിയിരിക്കുന്ന അവന്‍റെ ചേതനയറ്റ മുഖത്തെയ്ക്ക് ഒന്ന് നോക്കാന്‍ പോലും ആകാതെ ഞാന്‍ അവിടെ തന്നെ നിന്നു.പള്ളിയില്‍ ശവസംസ്കാരശുശ്രൂഷകള്‍ നടക്കുമ്പോള്‍ പെണ്‍കുട്ടികളടക്കം പലരും തളര്‍ന്നു വീഴുന്നത് കാണാമായിരുന്നു.
അതെ,അവന്‍റെ വേര്‍പാട് ഞങ്ങളെ അത്രമേല്‍ തളര്‍ത്തിയിരുന്നു.കളിച്ചു ചിരിച്ച്,പ്രണയത്തിന്‍റെ നൊമ്പരവും ഉള്ളിലോതുക്കി എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന പ്രിയപ്പെട്ട സുഹൃത്തിന്‍റെ വേര്‍പാട് ഞങ്ങള്‍ക്ക് താങ്ങാവുന്നതിലുമധികമായിരുന്നു.
ജീവിച്ചു കൊതി തീരും മുന്‍പേ കൊഴിഞ്ഞു പോയ ഒരു പുഷ്പം,അതായിരുന്നു അവന്‍.

കല്ലരയ്ക്കരികില്‍ അല്‍പ്പനേരം കൂടി ഞാന്‍ നിന്നു,അവനു വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്.
തിരിച്ചു പോകാന്‍ ബസ്‌ കാത്തു നില്‍ക്കുമ്പോള്‍ ഒരു ജീപ്പ് സമീപം നിര്‍ത്തി.അതില്‍ പഴയ കൂട്ടുകാര്‍ ആയിരുന്നു.അവന്‍റെ ഇപ്പോഴത്തെ സഹപാഠികളും.ഞാനും അതില്‍ കയറി.
അവന്‍റെ വേര്‍പാടിന്‍റെ വേദന മായുംമുമ്പേ ആ കാഴ്ചയും എന്നെ തളര്‍ത്തി.
അവനേറെയിഷ്ടപ്പെട്ട,എന്നാല്‍ ഒരിക്കല്‍ പോലും അവന്‍റെ ഇഷ്ടത്തെ അംഗീകരിക്കാതെ,അവന്‍റെ കുഞ്ഞു മനസ്സിനെ ഏറെ മുറിവേല്‍പ്പിച്ച ആ പെണ്‍കുട്ടി,ആകെ കരഞ്ഞ്,വാടിത്തളര്‍ന്ന്,അവന്‍റെ ചിരിക്കുന്ന ചിത്രമുള്ള പോസ്റ്റര്‍ തന്‍റെ വിറയ്ക്കുന്ന ഉള്ളംകയ്യില്‍വച്ച് അതില്‍ത്തന്നെ ഉറ്റുനോക്കുകയാണ്..
ഒന്നും ഉരിയാടാനാവാതെ....
അവന്‍റെ വേര്‍പാട്‌ സൃഷ്ടിച്ച വേദനയില്‍ നീറിനീറിക്കരഞ്ഞ്...
കുറ്റബോധത്താല്‍ ആവണം അവളുടെ ശിരസ്സ് താണിരുന്നു...
പ്രിയപ്പെട്ട കൂട്ടുകാരി,നിന്‍റെ മനസ്സ് അപ്പോള്‍ എത്രമാത്രം വേദനിച്ചിരിക്കും...
ഒന്നും മനപൂര്‍വ്വം ആയിരുന്നില്ലെങ്കിലും അവന്‍ നിനക്ക് മാപ്പ് തരും...
കാരണം അവനു നിന്നെ സ്നേഹിക്കാന്‍ മാത്രമേ അറിയുമായിരുന്നുള്ളൂ...
അതുകൊണ്ടായിരുന്നു നീ ഓരോതവണ വഴക്ക് പറയുമ്പോഴും അവനതു ഉള്ളില്‍ ഒതുക്കിയത്...അവന്‍റെ ഉള്ളു നിറയെ നിന്നോടുള്ള സ്നേഹം മാത്രം ആയിരുന്നു..
അവനു നിന്നോട് ഒട്ടും ദേഷ്യം ഇല്ല..അവനെ സ്നേഹിക്കാന്‍ പഠിപ്പിച്ചത് നീയായിരുന്നു.നീ കരഞ്ഞാല്‍ അവനു വിഷമം ആകും,അതുകൊണ്ട് കരയരുത്..
എന്തോ എന്‍റെ മനസ്സ് അങ്ങനെ പറഞ്ഞു.

അവന്‍റെ വേര്‍പാട് അവളെ മാനസികമായി വളരെയധികം തളര്‍ത്തി എന്ന് പിനീട് അറിഞ്ഞു.അവന്‍റെ ഇഷ്ടത്തെ നിരസിച്ചതിന് പലരും കുറ്റപ്പെടുത്തിയതും അവളെ ഏറെ വിഷമിപ്പിച്ചു കാണും..
ഞാന്‍ അവളെ പിന്നീട് കണ്ടിട്ടില്ല..ഉപരിപഠനത്തിനായി ദൂരെ എവിടെയോ പോയി.
അവന്‍റെ ആദ്യ ചരമ വാര്‍ഷിക ദിനത്തില്‍ കല്ലറയില്‍ പൂക്കള്‍ അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുവാന്‍ അവളും വന്നു എന്നു കേട്ടു..

സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിവച്ച് എവിടെയോ പോയി മറഞ്ഞ പ്രിയ സുഹൃത്തേ...
നിന്നെപ്പോലെ അവളും ഒരു പാവം ആയിരുന്നെടാ..
സ്നേഹിക്കുവാന്‍ മാത്രം അറിയാവുന്ന ഒരു പാവം....

2010, മേയ് 14, വെള്ളിയാഴ്‌ച

പ്രിയപ്പെട്ട കൂട്ടുകാരിക്ക്...

ഒടുവില്‍ വിട പറയുവാന്‍ സമയമായി.സ്നേഹത്തിന്‍റെ ഭാഷയില്‍ നിനക്ക് യാത്രാമൊഴികള്‍ നേരാനുള്ള സമയം.
ജീവിതം എപ്പോഴും അപ്രതീക്ഷിതമായതെന്തോ നമുക്കായി കരുതി വയ്ക്കും എന്ന് എവിടെയോ വായിച്ചു......ശരിക്കും....

നിന്‍റെ ചുണ്ടുകള്‍ക്ക് കള്ളം പറയാനാവില്ലെന്നു വിശ്വസിക്കാനാണ് എനിക്കെന്നുമിഷ്ടം.
അങ്ങനെയെങ്കില്‍ വാതോരാതെ സംസാരിക്കുന്ന അനേകം സുഹൃത്തുക്കളെക്കാള്‍ ഒരു പുഞ്ചിരിയില്‍ സ്നേഹം ഒളിപ്പിക്കുന്ന തന്നോട് എനിക്ക് കൂടുതല്‍ ബഹുമാനം തോന്നിയിട്ടുണ്ട്.ഇഷ്ടവും.
എന്നിട്ടും നീ സ്വീകരിക്കാതെ പോയ ഒരു ഒഴിഞ്ഞ സമ്മാനമായിരുന്നു എന്‍റെ സ്നേഹം.

ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കാണ്..മനപൂര്‍വം തീര്‍ത്ത അതിര്‍വരമ്പുകള്‍....ചുറ്റിലും വര്‍ണ്ണങ്ങള്‍ ചിതറി വീഴുമ്പോഴും ഞാനിവിടെ തനിച്ചു നില്‍ക്കുന്നു....നിന്‍റെ സാമീപ്യം എന്നും ഒരാശ്വാസം ആയിരുന്നു.

പാദുകം മുറുക്കി പടിയിറങ്ങുമ്പോഴും തിരിഞ്ഞു നില്‍ക്കവേ എന്‍റെ ചുണ്ടുകള്‍ മന്ത്രിക്കുക നന്ദി എന്നാവും....
മനസ്സ് കൊണ്ട് ഒത്തിരി സ്നേഹിക്കുവാന്‍ അവസരം തന്നതിന്....
നിന്‍റെ ഹൃദയത്തില്‍ അല്‍പ്പകാലത്തെക്കെങ്കിലും എനിക്ക് ഇടം തന്നതിന്...

ഓര്‍മ്മകളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന വ്യഥാവാഗ്ദാനങ്ങള്‍ ഒന്നുമില്ല..എങ്കിലും കുറെ നാളത്തേക്കെങ്കിലും പൂരിപ്പിക്കാന്‍ കഴിയാതെ പോയ ഒരു മനോഹരമായ സമസ്യ പോലെ താനെന്‍റെ മനസ്സില്‍ ഉണ്ടാകും....

നിന്‍റെ പ്രതീക്ഷകളൊന്നും വൈകി വരാതിരിക്കട്ടെ...
എന്‍റെ സ്വപ്നങ്ങളൊക്കെയും കൊഴിഞ്ഞു പോകുമ്പോഴും നിന്‍റെ മോഹങ്ങള്‍ പൂത്തുലയട്ടെ....

ഇലത്തുമ്പുകളിലിനിയും പെയ്തുതീരാത്ത മഴത്തുള്ളികള്‍ ബാക്കിയാണ്...അവ പെയ്തൊഴിയാതിരിക്കുവോളം ഇനിയും നമുക്കു കാണണം......അകലുന്നത് മനമില്ലാത്തിടത്തോളം കാലം...

ഈ വേര്‍പാടിന്‍റെ നൊമ്പരമെന്നെ തളര്‍ത്തുമ്പോഴും, നിന്‍റെ പുഞ്ചിരിയെ തെറ്റിദ്ധരിച്ച ആ ദുര്‍ബല നിമിഷത്തെ ശപിക്കുമ്പോഴും ഒരു വേള കൊതിച്ചു പോവുകയാണ്.....
പ്രിയപ്പെട്ട കൂട്ടുകാരി......
നിന്‍റെ മടങ്ങി വരവിനായി......
സൗഹൃദത്തിന്‍റെ പഴയ പൂച്ചെണ്ടുകളുമായെങ്കിലും എന്‍റെ നെഞ്ചിലെ നോവിന്‍റെ തീയണയ്ക്കുവാന്‍......

2010, മേയ് 13, വ്യാഴാഴ്‌ച

കാമുക വിലാപങ്ങള്‍

ഒടുവില്‍ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി......
കായംകുളം സൂപ്പര്‍ഫാസ്റ്റ് ഉം കുമാരസംഭവങ്ങളും ഭരണങ്ങാനവും ബെര്‍ലിത്തരങ്ങളും ഒക്കെ വായിച്ച് അവരോടു അസൂയ തോന്നി തുടങ്ങിയതാണ് ഈ ബ്ലോഗ്‌... ഒരു ബ്ലോഗ്‌ തുടങ്ങണമെന്ന് കുറെ ആയി വിചാരിക്കുന്നു... എന്നാല്‍ എന്ത് എഴുതണമെന്നു അറിയില്ലായിരുന്നു....
ഞാന്‍ എന്നെ പറ്റി ഓര്‍ത്തു നോക്കി... ആപ്പോഴാണ് എന്‍റെ പരാജയപ്പെട്ട പ്രണയത്തെ കുറിച്ച് എഴുതിയാലോ എന്ന് ആലോചിച്ചത്.....അതിനു ശേഷം എല്ലാവരും പറയുന്നു എനിക്കെന്തോ മാറ്റം ഉണ്ടെന്നു...അതെ ഞാനും ഒരു നിരാശ കാമുകന്‍ ആണ്...ഒരു പക്ഷെ ലോകത്തെ കോടിക്കണക്കിനു നിരാശാകാമുകന്‍മാരില്‍ ഒരാള്‍..

ഒരിക്കല്‍ മൊബൈലില്‍ ഒരു മെസ്സേജ് കിട്ടി...ഞാന്‍ അത് ഇന്നും കീപ്‌ ചെയ്യുന്നു..ചിലപ്പോഴൊക്കെ അത് വായിക്കുമ്പോള്‍ ഒത്തിരി വിഷമം തോന്നും...അപ്പോഴൊക്കെ എനിക്ക് എന്‍റെ പ്രണയത്തെ മിസ്സ്‌ ചെയ്യും......
അതിപ്രകാരം ആണ്....

"ഒരുപാടു കാലത്തിനു ശേഷം മനസ്സിലുള്ള ഇഷ്ടം ഞാന്‍ അവളോടു പറഞ്ഞു..
നോ ..എന്നവളും..
എന്‍റെ കൂട്ടുകാര്‍ എന്നോട് ചോദിച്ചു,അവള്‍ അങ്ങനെ പറഞ്ഞതില്‍ നിനക്ക് വിഷമം ഇല്ലേ...? ഞാന്‍ പറഞ്ഞു...എന്തിനു? എനിക്ക് നഷടപ്പെട്ടത് ഒരിക്കലും എന്നെ സ്നേഹിക്കാന്‍ കഴിയാത്ത ഒരാളെയാണ്...എന്നാല്‍ അവള്‍ക്കു നഷ്ടപ്പെട്ടതു അവളെ ജീവനെക്കാളെരെ സ്നേഹിക്കുന്ന ഒരാളെയും...."

പ്രിയേ ... എന്‍റെ സ്നേഹം നീ നിഷ്കരുണ൦ തട്ടിക്കളഞ്ഞപ്പോള്‍, എന്‍റെ വേദന നീ അറിയാതെ പോയതിനെ ഓര്‍ത്തല്ല എനിക്ക് വിഷമം .....മറിച്ചു നിനക്ക് നഷ്ടമായ ഒരു വലിയ വസന്തത്തെ ഓര്‍ത്താണ്......നിനക്ക് വേണ്ടി മാത്രം മിടിക്കുമായിരുന്ന ഒരു ഹൃദയത്തെ ഓര്‍ത്താണ്...